മരുപ്പച്ച

Monday, June 29, 2015 09:03 hrs IST, manoramaonline 
by ജയ്‌മോൻ ജോർജ്

അബുദാബിയുടെ പടിഞ്ഞാറൻ മേഖലയായ അൽ ഐനിലെ കൃഷിതോട്ടത്തിൽ പരവൂർ സ്വദേശി സി. പി. വിജയൻ

മണ്ണ് തിളച്ചുകിടക്കുന്ന മരുഭൂമിയിൽ പൂങ്കാവനമുണ്ടാക്കിയെന്ന വിസ്‌മയത്തിനും അപ്പുറമാണ് സി. പി. വിജയൻ എന്ന പരവൂർ സ്വദേശി അബുദാബിയുടെ പടിഞ്ഞാറൻ മേഖലയായ അൽ ഐനിൽ സൃഷ്‌ടിച്ചിരിക്കുന്നത്. നാൽപ്പത് ഏക്കർ സ്‌ഥലത്തു തക്കാളിയും മുളകും കാപ്‌സിക്കവും സ്‌ട്രോബറിയും പപ്പായയുമൊക്കെയുള്ള വിശാലമായ ഒരു ഫാം.

ഒരാൾപ്പൊക്കവും കഴിഞ്ഞു വളർന്നങ്ങു വലുതായപ്പോൾ അമേരിക്കൻ പപ്പായയോടു വിജയൻപിള്ള പറഞ്ഞു: അങ്ങനെയങ്ങു വളർന്നാലോ, മനുഷ്യനുംകൂടി വേണ്ടിയല്ലേ പപ്പായ? പതുക്കെപ്പതുക്കെ അവനെയങ്ങനെ വളച്ചു.

വളച്ചു എന്നു പറഞ്ഞാൽ, അവന്റെ അടുത്ത തലമുറയെ മുഴുവൻ. ഇപ്പോൾ യുഎഇയിലെ അൽ ഐനിൽ അൽ ഖൈലി ഫാമിൽ പപ്പായമരം വളരുന്നതു നിലംതൊട്ട്. ഉയരത്തിലേക്കു പോകാതെ, അവ വളഞ്ഞുവളരുന്നു.

കൊച്ചുകുട്ടികൾക്കുപോലും കൈയെത്തിയെടുക്കാൻ പാകത്തിലാണു മരത്തിൽ പപ്പായയുടെ കിടപ്പ്. നാട്ടിൽ തെങ്ങുകയറാൻ ആളില്ലാത്തതിനാൽ ഇനി തെങ്ങു വളയ്‌ക്കാനാണു വിജയൻപിള്ളയുടെ ശ്രമം.

പുളുവെന്നു വിചാരിച്ചു പറയാൻ നാവെടുക്കുമ്പോഴേക്കും വിജയൻ തൊട്ടടുത്തുള്ള ചിലതു കാണിച്ചുതരും. പിന്നെ എല്ലാം കണ്ടറിഞ്ഞു വിശ്വസിക്കേണ്ടത്. മണ്ണ് തിളച്ചുകിടക്കുന്ന മരുഭൂമിയിൽ പൂങ്കാവനമുണ്ടാക്കിയെന്ന വിസ്‌മയത്തിനും അപ്പുറമാണു സി. പി. വിജയൻ എന്ന പരവൂർ സ്വദേശി അബുദാബിയുടെ പടിഞ്ഞാറൻ മേഖലയായ അൽ ഐനിൽ സൃഷ്‌ടിച്ചിരിക്കുന്നത്.

നാൽപ്പത് ഏക്കർ സ്‌ഥലത്തു വിശാലമായ ഒരു ഫാം. ലോകത്തിലുള്ള എന്തും ഈ ഭൂമിയിൽ കൃഷിചെയ്യാമെന്ന ആത്മധൈര്യത്തോടൊപ്പം അതിന്റെ വിളഞ്ഞുകിടക്കുന്ന തെളിവുമായാണു സി. പി. വിജയൻ സന്ദർശകരെ എതിരേൽക്കുന്നത്.

കേരളത്തിലെത്തുന്ന പച്ചക്കറികളുടെ വിഷാംശത്തെക്കുറിച്ചു മലയാളി ബോധവാനാകുന്നതേയുള്ളൂവെങ്കിൽ, പുല്ലുപോലും കിളിർക്കാൻ പെടാപ്പാടുപെടുന്ന അന്യദേശത്തെ ഭൂമിയിൽ കാലാവസ്‌ഥയോടും സാഹചര്യത്തോടും നേർക്കുനേർ പൊരുതി ഹരിതാഭമായ ആവാസ വ്യവസ്‌ഥയാണു വിജയൻ സൃഷ്‌ടിച്ചത്.

ഇവിടെ ശ്വസിക്കുന്ന ഓരോ ഇറ്റ് വായുവിലും ആരോഗ്യത്തിന്റെ അമൃത് ലയിച്ചിട്ടുണ്ടെന്നു വിശ്വസിച്ചുപോകുന്ന പച്ചപ്പിന്റെ കുളിർകാറ്റാണിവിടെയുള്ളത്. ഒരൊറ്റ ചുവടിൽ നാൽപ്പത് കിലോഗ്രാം തക്കാളി വിളയുന്ന കാർഷിക മാസ്‌മരികതയ്‌ക്കു മുന്നിൽ തലകുനിച്ചുപോകും.

നിരനിരയായി നിൽക്കുന്ന തക്കാളിച്ചെടികളിൽ കൊല്ലം മുഴുവൻ ഫലം. നല്ല ചുവപ്പൻ തക്കാളിക്കൊപ്പം മഞ്ഞയും കറുപ്പും നിറത്തിലുള്ള ഇനങ്ങൾ. കറുപ്പൻ തക്കാളി കൊളസ്‌ട്രോൾ കുറയ്‌ക്കുന്നതിന്റെ ആശാനാണെന്നു വിജയൻ പറഞ്ഞുതരും. ഈ തക്കാളിയൊന്നു രുചിച്ചുനോക്കിയാൽ അറിയാം ഇക്കാലമത്രയും നമ്മൾ കഴിച്ചതിലെ വിഷാംശം.

കാപ്‌സിക്കവും മുളകും സ്‌ട്രോബറിയുമെല്ലാം തക്കാളിക്കൊപ്പം അടുത്ത നിരകളിൽ നിറഞ്ഞാടി നിൽക്കുന്നതു കാണുമ്പോൾ മരുഭൂമിയുടെ മണ്ണിനുള്ളിൽ പ്രകൃതി ഒളിപ്പിച്ചുവച്ചിരിക്കുന്ന ജീവനിധികളെക്കുറിച്ച് അത്ഭുതപ്പെടാതെ എന്തുചെയ്യും. അതു കണ്ടെത്താൻ സി. പി. വിജയനെ അൽ ഐനിലേക്ക് അയച്ചതാകുമെന്നു ചിന്തിച്ചു നിൽക്കാൻ സമയമില്ല. പിന്നെയുമുണ്ട് മരുഭൂമിയിലെ മടിത്തട്ടിൽ അത്ഭുതത്തിന്റെ വിത്തുകൾ.

തക്കാളിയുടെ ചുവപ്പിൽനിന്നു പുറത്തു കടക്കുമ്പോൾ മുരിങ്ങയുടെ ഒരു കാട് ഇളകിവരുന്നതു കണ്ട് അമ്പരപ്പോടെ നിന്നുപോകും. വിജയന്റെ ഭാഷയിൽ മുരിങ്ങയെന്നത് ഒരു സൂപ്പർ മാർക്കറ്റ് ഓൺ എ ട്രീ. മുരിങ്ങ 300 അസുഖങ്ങളെ പ്രതിരോധിക്കുമെന്ന ആയുർവേദ വചനവും മുരിങ്ങയുടെ ആന്റി ഓക്‌സിഡന്റ് കഴിവുകളും മറ്റും വിശദമായി വിജയൻ ഫ്ലക്‌സിൽ എഴുതി പ്രദർശിപ്പിച്ചിട്ടുണ്ട്.

മുരിങ്ങ മനുഷ്യശരീരത്തിനു നൽകുന്ന നന്മയെ വിവരിക്കുന്നതിനൊപ്പം മണ്ണിന്റെ ഗുണം കൂട്ടാൻ ഉൾപ്പെടെ നമ്മുടെ നാട്ടുകാരനായ ഈ സസ്യത്തെ ഉപയോഗിക്കാമെന്നും ഫാമിലെ മണ്ണിൽനിന്നു തെളിവു കാട്ടി ഈ കൃഷിക്കാരൻ വിവരിക്കും.

ഔഷധഗുണത്തിൽ മുൻപനായ മുരിങ്ങ കൂടാതെ തുളസി, പനിക്കൂർക്ക, തഴുതാമ തുടങ്ങി ഒട്ടുമിക്ക ഔഷധസസ്യങ്ങളും വിജയന്റെ തോട്ടത്തിലുണ്ട്. കേരളത്തിന്റെ നാട്ടിൻപുറങ്ങളിൽനിന്നു പടിയിറങ്ങിപ്പോയ പല ഔഷധസസ്യങ്ങളും മരുഭൂമിയുടെ മണ്ണിൽ ആർത്തുപിടിക്കുന്നു.

പഴയകാലത്തുനിന്ന് ഉയിർത്തെഴുന്നേറ്റ് അതേ നിറത്തോടെ, അതേ ഗന്ധത്തോടെ നമുക്കുനേരെ അവ നിവർന്നുനിൽക്കുമ്പോൾ, പ്രവാസിയുടെ കാലം പിന്നോട്ടു പോകും. സ്വന്തം നാടിന്റെ വഴിയോരങ്ങളെയും വീട്ടിലെ തൊടിയെയും അവൻ ഒന്നുകൂടി മനക്കണ്ണിൽ കാണും. കൂടെ നിന്നു വിജയൻ പറയും: തീർന്നില്ല, ഇനിയുമൊത്തിരിയുണ്ട്.

കുക്കുംബർ, ചൊരയ്‌ക്ക തുടങ്ങി പച്ചക്കറികളുടെ സർവവിന്യാസവും കണ്ട് പറമ്പിലെ ഈന്തപ്പനത്തോട്ടത്തിലൂടെ നടന്ന് അതിർത്തിക്കരികെ എത്തുമ്പോൾ ഒരു കുളം! മരുഭൂമിയിൽ വെള്ളക്കെട്ടോ എന്ന് അമ്പരക്കുമ്പോഴാണ് ചിറകിൽ അത്ഭുതവുമായി തുമ്പികളുടെ വരവ്. 22 ഇനം തുമ്പികളാണ് ഈ കുളത്തിനു ചുറ്റം പാറിപ്പറക്കുന്നത്. ലോകത്തിൽ അപൂർവമായവമുതൽ സർവസാധാരണമായതുവരെ അതിലുണ്ട്.

കുളത്തിന്റെ ഓരത്തു കാടുപിടിച്ചുനിൽക്കുന്ന ആനപ്പുല്ലിൽനിന്നു തുമ്പികളിലൊരെണ്ണം പറന്നുവന്നു. ഉടനെ അതിന്റെ ശാസ്‌ത്രനാമവുമായി വിജയൻ പറഞ്ഞുതുടങ്ങി: ഇവിടെ വന്നു സായിപ്പുമാരും മദാമ്മമാരും മണിക്കൂറുകൾ നോക്കിയിരിക്കാറുണ്ട് – അപൂർവ തുമ്പികളുടെ ചിത്രം പകർത്താൻ

മരുഭൂമിയിലെ മത്സ്യക്കുളം സന്ദർശിക്കാനെത്തിയവർക്കൊപ്പം വിജയൻ

കുളത്തിൽ നിറയെ മൽസ്യങ്ങൾ. ഈ മൽസ്യങ്ങൾ ഈ കുളത്തിൽ താനെയുണ്ടായതാണെന്നു വിജയൻ വിശദീകരിക്കുമ്പോൾ കേട്ടുനിൽക്കുന്നവരിൽ അവിശ്വസനീയതയുടെയും അത്ഭുതത്തിന്റെയും ഓളംവെട്ട്.

മൽസ്യക്കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായാണ് പ്രകൃതിയൊരുക്കുന്ന ആനപ്പുല്ലുകൾ പടരുന്നതെന്നും മൽസ്യങ്ങളുടെ ഭക്ഷണത്തിനുള്ളതു കുളത്തിലുണ്ടെന്ന യാഥാർഥ്യവും കേട്ടുനിൽക്കുമ്പോൾ ചോദ്യം പിന്നെയും കുളത്തിലിറങ്ങും. ഈ മരുഭൂമിയിൽ എങ്ങനെ കുളമുണ്ടായി? താനെയുണ്ടായതെന്ന വിശദീകരണം എത്തുമ്പോൾ മനസ്സ് വൃക്ഷങ്ങളുടെ വേരുകൾക്കൊപ്പം പോയി മടങ്ങിവരും.

ഒട്ടകങ്ങളുടെ നാട്ടിലെ തൊഴുത്തിൽ നല്ല നാടൻ പശുക്കൾ ഊർജസ്വലമായി നോക്കിനിൽക്കുന്നതു കണ്ടുനിൽക്കെ ഗോമാതാവെന്ന സവിശേഷത പശുവിനുണ്ടായത് എങ്ങനെയെന്നു മനസ്സിലാക്കാനും അവസരമൊരുങ്ങും.

വിസർജ്യമായ ചാണകം ഉൾപ്പെടെ ഉപകരിക്കുന്ന പശുവെന്ന അത്ഭുതത്തെ പ്രകൃതിയോടു ചേർത്തു വളർത്തുമ്പോൾ മനുഷ്യാരോഗ്യത്തിന്റെ മാതാവുതന്നെയാകുകയാണു പശു. ഇവിടെയുള്ള പശുവിന്റെ ചാണകവും മൂത്രവും വളമായി മാറുമ്പോൾ കൃഷിഫലം നൂറു മേനിയിലും അധികമാവുമെന്ന വാസ്‌തവവും കണ്ടറിയാം.

ചാണകവും മുരിങ്ങയിലയും ഇടകലർന്നു കിടക്കുന്ന തൊഴുത്തിൽനിന്നു ദുർഗന്ധമുണ്ടാകുന്നില്ലെന്നതുതന്നെ സൂചനയാണ്. പ്രകൃതിയുടേതല്ലാത്ത ഒന്നും ഇവിടെയുണ്ടാകുന്നില്ല, നൽകുന്നില്ല; മൃഗങ്ങൾക്കുപോലും.

കാൻസർ ഉൾപ്പെടെയുള്ള അസുഖങ്ങളെ പ്രതിരോധിക്കാനും യൗവനം നിലനിർത്താനും സഹായിക്കുന്ന നോനിയെന്ന ഫലത്തെക്കുറിച്ചു പ്രചാരണം നടത്തുന്ന വിജയൻപിള്ള പുതിയ ഗവേഷണങ്ങളിലേക്കാണ് ഓരോ ദിവസവും കടക്കുന്നത്. കാൻസർ ചികിൽസയ്‌ക്കു ഫലപ്രദമാണെന്ന രീതിയിൽ പ്രചരിക്കുന്ന ലക്ഷ്‌മിതരുവിന്റെ തൈകൾ വിതരണം ചെയ്‌തതു വിജയന്റെ പരവൂരിലെ ഫാമിൽനിന്നായിരുന്നു.

രക്‌തസമ്മർദം കുറയ്‌ക്കാനും രോഗപ്രതിരോധ സംവിധാനത്തിന്റെ മികവിനും ഒക്കെയായി ആരോഗ്യത്തിനു നൈട്രിക് ഓക്‌സൈഡ് സമീപനം, മുരിങ്ങയുടെ ഗുണങ്ങൾ, എന്താണു മുരിങ്ങ തുടങ്ങി ഒട്ടേറെ വിവരങ്ങൾ അടങ്ങിയ വിവരണങ്ങൾ ഫാമിൽ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.

ഏറ്റവും ആരോഗ്യകരമായ പ്രകൃതിദത്തമായ മണ്ണിൽനിന്ന് ഏറ്റവും നല്ല വിളവെടുപ്പ് എന്നതാണു വിജയൻപിള്ളയുടെ രീതി. മണ്ണിര കംപോസ്‌റ്റിന്റെ സഹായത്തോടെയുള്ള ജൈവവഴിയിലൂടെയുള്ള കൃഷിരീതി.

മൈക്രോ ന്യൂട്രിയന്റ്‌സ് ആവശ്യാനുസരണം നൽകി മണ്ണിനെ പരിപാലിച്ചു കൃഷി ചെയ്യുകയാണു വേണ്ടതെന്നാണു വിജയൻപിള്ളയുടെ മതം. ഓരോ ചെടിക്കും വേണ്ട വെള്ളവും വളവും കൃത്യമായി, കൃത്യ അളവിൽ, കൃത്യസമയത്തു നൽകുന്നു. എണ്ണകൊണ്ടുള്ള കെണിയിലൂടെ പ്രാണികളെയും മറ്റും അകറ്റുന്നതിന് ഉൾപ്പെടെ കീടങ്ങളെ നേരിടാൻവരെ പ്രകൃതിദത്തമായ വഴികൾ.

പച്ചപ്പിന്റെ ഉള്ളംകൈയിൽ കയറിയതുപോലെ അൽ ഐനിലെ തോട്ടത്തിൽനിന്നു മടങ്ങുന്നതിനു മുൻപ് ആധുനിക കൃഷിപാഠങ്ങളും രീതികളും മനസ്സിലാക്കാനും പകർത്താനുമായി വിജയൻപിള്ള ഒരു ചെറിയ ക്ലാസും തരും.

എല്ലാം സ്വന്തം അനുഭവങ്ങളിൽനിന്ന് ആറ്റിക്കുറുക്കിയെടുത്തത്. മണ്ണു ചതിക്കില്ലെന്നു പറയുന്നതിന്റെ പരമാർഥം മരുഭൂമിയിലെ മണ്ണിലും വിളഞ്ഞുകിടക്കുന്നത് വിജയൻപിള്ള എന്ന കഠിനാധ്വാനിയിലൂടെ തെളിയുകയാണ്.

ഒരു മണ്ണും ചതിക്കില്ല, ഇതുപോലെയുള്ള കർഷകരുണ്ടെങ്കിൽ. മരുഭൂമിയുടെ മണ്ണിൽ വീണ മലയാളികളുടെ വിയർപ്പ് തളിർത്തുണ്ടായ പൂങ്കാവനത്തിൽനിന്നു മടങ്ങുമ്പോൾ വീണ്ടും നമ്മൾ പറയും: ഇനിയും ഇനിയും ഞാൻ മടങ്ങിയെത്തും; ഇതുപോലെയൊന്ന് ഞാനുമുണ്ടാക്കും.

Leave a Reply

Your email address will not be published. Required fields are marked *

*


− one = 8

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>